പുതീയ മില്ലേനിയം ആരംഭിക്കുന്നതിനു ഒരു വര്‍ഷം മുമ്പുള്ള കാലം. ലോകം Y2K ചര്‍ച്ചകളില്‍. ഭീതിദമായ ആ കാലഘട്ടത്തിലാണ് എന്റെ പ്രവാസ ജീവിതം ആരംഭിക്കുന്നത്.
ദുബായില്‍ ഇപ്പോള്‍ കാണുന്ന ‘ബൂം’ അന്നില്ല. പരിമിതമായ കണ്‍സ്ട്രക്ഷന്‍. കുവൈത്ത് പുനരുദ്ധാരണം കഴിഞ്ഞുള്ള മന്ദത ഗള്‍ഫിലാകമാനം.വിസിറ്റ് വിസയില്‍ തൊഴിലന്വേഷകനായി എത്തുന്ന ഒരു ചെറുപ്പക്കരനെ സംബന്ധിച്ച് നിരാശജനകമായ അവസ്ഥ. വളരെ റെപ്യൂട്ടഡ് ആയ കമ്പനികളിലൊഴിച്ചു ബാക്കിയെല്ലായിടത്തും തുച്ഛമായ ശമ്പളം. അതുതന്നെ ക്രുത്യമായി കിട്ടുക എന്നതു ഭാഗ്യമായി കരുതിക്കൊള്ളണം. ഇതൊക്കെ പുറത്തറിയിക്കാന്‍ ഇന്നു കാണുന്നത്ര മാധ്യമങ്ങളില്ല. ഇന്നത്തത്ര മാധ്യമ സ്വാതന്ത്ര്യവുമില്ല. മീഡീയാ സിറ്റി എന്ന ആശയം പോലുമില്ല.
എനിക്കു ജോലി കിട്ടിയതു മെച്ചപ്പെട്ടത് എന്നു പറയാന്‍ കഴിയാത്ത ഒരു കമ്പിനിയില്‍. അന്നത്തെ അവസ്ഥയില്‍ എന്റെ വിദ്യാഭ്യാസ യോഗ്യതക്കും പരിചയത്തിനും അനുസ്രുതമായ ജോലി എന്നുതന്നെ പറയേണ്ടിയിരിക്കുന്നു..
അവിടെ സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും മൂന്നു സുഹ്രുത്തുക്കളേയും കിട്ടി.
രാജു – സ്റ്റോര്‍കീപ്പര്‍. കൊല്ലത്തുകാരന്. അതിനകം തന്നെ മൂന്നാലു വര്‍ഷം പിന്നിട്ടു ഗള്‍ഫില്‍. അറബി ഭാഷ ഏതാണ്ടൂ ഭംഗിയായിത്തന്നെ സ്വായത്തമക്കിയിട്ടുണ്ട്.
ജയന് – ഫോര്മാന്. കമ്പനികൊടുത്ത ഡബിള്‍ കാബിന് പിക്-അപ്പും കൊണ്ടു വര്‍ക്കു നടക്കുന്ന സൈറ്റുകളില്‍ കറങ്ങിനടക്കലാണു ജോലി. അത്യാവശ്യം ജോലിക്കാരെയും ചെറിയ സാധന സാമഗ്രികളും അങ്ങോട്ടുമിങ്ങോട്ടും മാറ്റലും ഈ ഫോര്‍മാന്റെ ജോബ് ഡിസ്ക്രിപ്ഷനില്‍ വരുന്ന കാര്യങ്ങളാണ്.
സതീഷ് - ഓഫീസ് സെക്രട്ടറി . കോഴിക്കോടുകാരന്. ആരുടെ ഏതു കുറ്റത്തിനും ബോസിന്റെ ചീത്തവിളി ആദ്യം കേള്‍ക്കേണ്ടതു ഇദ്ദേഹമാണ്.
കൂട്ടത്തില്‍ ജൂനിയര്‍ ഞാന്‍. മറ്റ് മൂന്നുപേരുടെയും ഭാഷയില്‍ മൈനര്‍. പ്രായപൂര്‍ത്തിയായിട്ടില്ല.
ഇന്നു മിക്കവാറും കമ്പനികള്‍ ആഴ്ചയില്‍ രണ്ടു ദിവസം അവധിയാണ്. അന്ന് അങ്ങനെയല്ല. വെള്ളിയാഴ്ചമാത്രം ഒഴിവുദിനം. അപൂര്‍വ സൌഭാഗ്യമായി ആയിടെ ഒരു വ്യാഴാഴ്ച ഒരു വിശേഷദിനം വന്നു. അങ്ങനെ ആ ആഴ്ചയില്‍ രണ്ട് ദിനം - വ്യാഴവും വെള്ളിയും - അവധി.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഞങ്ങള്‍ നാലുപേരും പുറപ്പെട്ടു. ജയന്റെ ഡബിള്‍ കാബിന് പിക്-അപ്പില്‍. ചെറീയ കാര്യത്തിനൊന്നുമല്ല. ഡെസേര്‍ട്ട് ഡ്രൈവ്. പരിചയസമ്പന്നനാണു ജയന്. ഈ വണ്ടിയും വെച്ചുകൊണ്ടു ജയന് പോകുന്ന സൈറ്റുകളെല്ലാം ഓഫ് റോഡ് റിമോട്ട് ഏരിയകളിലാണ്. ഏതാണ്ടു മരുഭൂമികള്‍ തന്നെ. ബാക്കി ഞങ്ങള്‍ മൂന്നുപേരും ഇതുവരെ സാക്ഷാല്‍ മരുഭൂമി കണ്ടിട്ടുമില്ല.
ഷാര്‍ജ - ദൈയ്ദ് റോഡില്‍ ഒരു പാലം കേറി ഇടത്തോട്ട് തിരിഞ്ഞ് പിന്നെ ടാറിടാത്ത റോഡാണ്. കുറേ ദൂരം അതിലൂടെ സഞ്ചരിച്ച് ജയന് വണ്ടി മണലിലൂടെ മരുഭൂമിക്കകത്തേക്ക് കയറ്റി. അധികം പോകേണ്ടി വന്നില്ല. വണ്ടി മണലില്‍ പുതഞ്ഞു. ജയന് പഠിച്ച പണി പതിനെട്ടും പയറ്റി. എല്ലാ ഗിയറും വലിച്ചു നോക്കി. ഞങ്ങളാല്‍ ആവുന്നത് - വണ്ടി തള്ളിമാറ്റാന്‍ ശ്രമിക്കുക, മണല്‍ നീക്കി മാറ്റുക എന്നിങ്ങനെയൊക്കെ - ഞങ്ങളും ചെയ്തുനോക്കി. ഫലം നാസ്തി.
നേരം ഇരുട്ടിത്തുടങ്ങി. ലേശം പേടിയും നിരാശയും മാത്രമല്ല, പുറത്തു നില്‍ക്കാനാവാത്തവിധം തണുപ്പും വണ്ടിക്കുള്ളില്‍ വിശ്രമിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചു. ഇരുട്ട് കേറിക്കേറി വന്നു. ഇനി രാവിലെയായിട്ടേ എന്തെങ്കിലും ചെയ്യാനാവൂ എന്ന യാഥാര്‍ഥ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആരുടെ കൈയിലും മൊബൈല്‍ ഫോണില്ല. ആ സാധനം ഒരു അപ്പര്‍ മിഡില്‍ക്ലാസുകാരുടെ കൈയ്യില്‍ നിന്നും താഴോട്ടിറങ്ങി വന്നിട്ടില്ലായിരുന്നു.(ഇനി ഒരു മാസത്തെ ശമ്പളം മുഴുവന്‍ ചെലവാക്കി ഒന്ന് കരസ്ഥമാക്കാമെന്നുവെച്ചാല്‍ അതൊരു അഹങ്കാരമായി കണക്കാക്കപ്പെടും)
ആ രാത്രി ഒന്നൊന്നര രാത്രിയായിരുന്നെന്നു പറയേണ്ടതില്ലല്ലോ. കരുതിയിരുന്ന ചിപ്സും കോളയും പെട്ടെന്ന് കഴിഞ്ഞു. ജയനും രാജുവും ഒന്നിടവിട്ട് തങ്ങളുടെ വീരസാഹസകഥകളുടെ കെട്ടഴിച്ചു - നാട്ടിലും ഗള്‍ഫിലുമായി നടത്തിയവ. ഗ്യാപ്പ് കിട്ടുന്നതനുസരിച്ച് എന്റെയും സതീഷിന്റെയും വക ചില ചില്ലറ സാഹസകഥകള്‍. ഒപ്പം സാമൂഹ്യ രാഷ്ട്രീയ സാംസ്കാരീക ചര്‍ച്ചകള്‍.
ഇതെല്ലാമാണെങ്കിലും പേടി ഒരു പൊതുവികാരമായി നിലകൊണ്ടു. പലതരം ശബ്ദങ്ങള്‍. മരുഭൂമിയിലെ ആവാസവ്യവസ്ഥയുടെ സംഗീതം. രാഗം ശുദ്ധപുന്നാഗവരാളി. എന്തെല്ലാമോ ജീവികള്‍ - അരണ പോലുള്ള ജന്തുക്കള്‍ വണ്ടിക്കുമുകളിലൂടെയും വശങ്ങളിലൂടെയും ഇഴഞ്ഞു നടക്കുന്നു.(നമ്മുടെ പാനീയം കരുതാതിരുന്നതു കഷ്ടമായി. പേടിക്കും തണുപ്പിനും ആശ്വാസമായേനെ, വീരസാഹസ കഥനങ്ങളും ചര്‍ച്ചകളും കൊഴുക്കുകയും ചെയ്തേനെ)
എപ്പോള്‍, എങ്ങനെയാണ് ഉറങ്ങിപ്പോയതെന്ന് അറിയില്ല. ഉണരുമ്പോള്‍ നേരം പുലര്‍ന്ന്, മൂടല്‍മഞ്ഞ് മാറി വരുന്നു. വണ്ടിക്കു ചുറ്റും കുറെ അറബിപ്പിള്ളേര്. പത്തുമുതല്‍ പതിനഞ്ച് വയസ്സുവരെയുള്ളവര്‍. ആശ്വാസം. ഞങ്ങള്‍ പുറത്തിറങ്ങി.രാജു അറബിയില്‍ത്തന്നെ കാര്യങ്ങള്‍ ധരിപ്പിച്ചു.
കൂട്ടത്തില്‍ മൂത്തവന് - ഒരു പതിനഞ്ച് വയസ്സുകാണും - തന്റെ സാന്റ് ബീയും കൊണ്ട് പോയി, ലാന്റ് ക്ര്യൂയിസറുമായി തിരികെ വന്നു. കയറു കെട്ടി പുഷ്പം പോലെ ഞങ്ങടെ വണ്ടി വലിച്ചെടുത്തു. അവന്റെ ലാന്റു ക്ര്യൂയിസറിനു പിന്നാലെ വരാന്‍ ആവിശ്യപ്പെട്ടു.
പയ്യന് തിരികെ ഞങ്ങള്‍ വന്ന ടാറിടാത്ത റോഡിലെത്തി. അതിലൂടെ വീണ്ടും ഒരു കിലോമീറ്ററോളം ഉള്ളിലോട്ട്. എത്തിയത് അറബികളുടെ ഒരു പാര്‍പ്പിട കേന്ദ്രത്തില്‍. ഗ്രാമീണരായ അറബികളുടെ ഒരു ‘ഷാബിയ’. എല്ലാം ഒറ്റ നില പഴയ വില്ലകള്‍.അവരുടെ ഇടയിലെ പ്രമാണിയുടെ മകനാണ് ഞങ്ങളെ സഹായിച്ച പയ്യന്.
അവന്റെ വീടിനു മുമ്പില്‍ വണ്ടികള്‍ നിര്‍ത്തി. അവന്റെ ‘അബു’, ആ വീടിന്റെ ഗ്രുഹനാഥന്‍, ആ പഞ്ചായത്തിലെ മുഖ്യസ്ഥന്‍ ഞങ്ങളെ സ്വാഗതം ചെയ്തു. ‘മജ് ലിസി’ല്‍ കൊണ്ടുചെന്നിരുത്തി. ഞങ്ങള്‍ മലയാളികളാണെന്ന് അങ്ങേര്‍ക്കു മനസ്സിലായി. ഇവുടുത്തെ ജോലിയുടെ കാര്യങ്ങള്‍ അന്വേഷിച്ചു.(പേരോ നാളോ ജാതിയോ മതമോ ഒന്നും ചോദിച്ചതുമില്ല!!)
ഞങ്ങളോട് കൈയ്യും മുഖവും കഴുകി വരാന്‍ ആവിശ്യപ്പെട്ടു.
ആദ്യം ചെറിയ ഗ്ലാസ്സില്‍ സുലൈമാനി. അതു കുടിച്ചു തീരുന്നതിനിടയില്‍ നിരവധി വലീയ തളികകള്‍ അവിടെ നിരന്നുകഴിഞ്ഞു. ദുബായ് ഫ്രൂട്ട്സ്സ് മാര്‍ക്കറ്റില്‍ കിട്ടുന്ന എല്ലാത്തരം പഴങ്ങളും തന്നെ ഒട്ടും ലുബ്ധില്ലാതെ നിരത്തിയിരിക്കുന്നു.
ഞങ്ങള്‍ അങ്ങേയറ്റം ക്ഷീണിതരാണ്. കഠിനമായ വിശപ്പും ഉണ്ട്. എന്നാലും മുന്നിലെ വിശിഷ്ട ഭോജ്യങ്ങള്‍ ഒന്നും അങ്ങോട്ട് കയറുന്നില്ല. ഞങ്ങളുടെ ബുദ്ധിമുട്ട് ആതിഥേയന് മനസ്സിലാക്കി. പയ്യനെ വിളിച്ച് അതത്രയും പൊതിഞ്ഞുകെട്ടി ഞങ്ങള്‍ക്ക് സമ്മാനിക്കാന്‍ ഉത്തരവിട്ടു. അതിനു നേത്രുത്വം കൊടുക്കാനാവണം അദ്ദേഹവും അകത്തേക്ക് പോയി.
രണ്ടു മിനിറ്റായില്ല. മജ്ലിസില്‍ നിന്നും വീടിനകത്തോട്ട് പോകുന്ന വാതില്ക്കല് ഒരു അറബി സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു. കൊമ്പന് മീശയുടെ ഷേപ്പിലുള്ള ആ സാധനം കൊണ്ട് മുഖം മറച്ചിട്ടുണ്ട്. ആതിഥേയന്റെ സഹധര്‍മ്മിണിയാണ്. അവര്‍ ഒരാളെ അങ്ങോട്ട് വിളിക്കുകയാണ്. രാജു അവരുടടുത്തോട്ട് ചെന്നു.
ഒരു ചെറീയ പ്ലാസ്റ്റിക് പൊതി അവര്‍ രാജുവിനു കൊടുത്തു. ഒരു തേങ്ങയുടെ വലിപ്പവും ഷേപ്പുമുള്ള സാധനം.
തന്റെ ഭര്‍ത്താവ് വലീയ സല്‍ക്കാര പ്രിയന്. ദാന ധര്മ്മിഷ്ടന്. പക്ഷെ ഈയൊരു സാധനം മാത്രം ആര്‍ക്കും കൊടുക്കാന്‍ സമ്മതിക്കില്ല. അങ്ങേരറിയാതെ ഒളിച്ച് കടത്തി ഇതു ഞാന്‍ നിങ്ങള്‍ക്ക് സമ്മാനിക്കുകയാണ്. പെട്ടെന്ന് കൊണ്ട്പോയി വണ്ടിയില്‍ വച്ചിട്ട് വരൂ. പുള്ളി അറിഞ്ഞാല്‍ തന്റെ കഴുത്ത് വെട്ടിക്കളയും.പൊതി സമ്മാനിച്ചുകൊണ്ട് അവര്‍ രാജുവിനോട് പറഞ്ഞതാണ്.
രാജു പൊതിയും വണ്ടിയില്‍വെച്ച് തിരികെ വന്നു. ആ സ്ത്രീ അവിടെ നിന്നും പിന്‍വാങ്ങി.
ഫ്രൂട്ട്സ് പാര്‍സലുകള്‍ റെഡി. നിറഞ്ഞ മനസ്സോടെ, നന്ദി പറഞ്ഞ് ഞങ്ങളിറങ്ങി.
ഞങ്ങളുടെ ആകാംക്ഷ ഊഹിക്കാമല്ലോ.
ആ അറബി സ്ത്രീ ഭര്‍ത്താവിനെ ഒളിച്ച് കടത്തി ഞങ്ങള്‍ക്ക് സമ്മാനിച്ച ആ വിശിഷ്ട വസ്തു എന്താണ്?
ഏറ്റവും നിര്‍ലോഭമായി ആരേയും സല്‍ക്കരിക്കുന്ന ഒരു മനുഷ്യന് ആര്‍ക്കും കൊടുക്കാതെവെക്കുന്ന അമൂല്യമായ ആ വസ്തു.
ഞങ്ങള്‍ പ്ലാസ്റ്റിക് കവറില്‍നിന്നും അതു പുറത്തെടുത്തു.
രാജു നാളികേരം എന്നുവിളിക്കുന്ന ആ സാധനം ഒരു തേങ്ങതന്നെയായിരുന്നു!!!!
Saturday, August 16, 2008
Subscribe to:
Posts (Atom)