Saturday, September 27, 2008

ഒരു സ്വപ്നം കടന്ന്.....

പതുപതുത്ത മെത്ത. സുഖമുള്ള തണുപ്പ്. എന്നിട്ടെന്താ? ഉറക്കം അകന്നുനില്‍ക്കുന്നു.

ഉറങ്ങാന്‍ പറ്റുമെന്ന് തോനുന്നില്ല. ഒരു കാര്യം ചെയ്യാം മുറിക്ക് പുറത്തിറങ്ങി നടക്കാം. ടി-ഷര്‍ട്ടെടുത്തിട്ടു. കളസവും വലിച്ചുകേറ്റി. മുറിപൂട്ടി പുറത്തിറങ്ങി. നീണ്ട ഇടനാഴിയിലൂടെ നടന്നുതുടങ്ങി. ഹൊ! ഇതൊരു വലീയ ഹോട്ടല്‍ തന്നെ. ത്രീസ്റ്റാറോ, ഫോര്‍സ്റ്റാറോ അതോ സാക്ഷാല്‍ ഫൈവ്സ്റ്റാര്‍ തന്നെയോ? പുറത്തുനിന്ന് കണ്ടപ്പോള്‍ ഒരു ചെറീയ ഹോട്ടലായേ തോന്നിയുള്ളൂ.

അമ്പോ! നടന്ന് നടന്ന് ഇതെവിടെയാണ് എത്തിയത്? അടുക്കളയില്‍! ഇതെന്ത് ഹോട്ടല്‍? ഒരു റൂം ഗസ്റ്റ് ഇടനാഴിയിലൂടെ നടന്ന് നടന്ന് അടുക്കളയിലെത്താന്‍ പാടുണ്ടോ! ഡിസൈനിംഗിലെ പാളിച്ച.

എന്തായാലും ശരി. അടുക്കളയിലെ വിശേഷങ്ങള്‍ കണ്ടുകളയാം. സ്റ്റീലില്‍ പണിത ഒരു ചെറീയ സ്റ്റൂള്‍ കിടക്കുന്നത് വലിച്ചെടുത്ത് ഇരുപ്പുറപ്പിച്ചു. എത്രനേരം ഇരിക്കാന്‍ പറ്റും? ഇവന്മാര്‍ പുറത്തുപോവാന്‍ പറയില്ലേ?

രണ്ടുപാചക്കാരുണ്ട്. നീളന്‍ തൊപ്പിയൊക്കെവച്ച്. ബാക്കിയുള്ള നാലഞ്ച്പേര്‍ സഹായികളാണെന്ന് തോനുന്നു. നീളന്‍ തൊപ്പിവെച്ച ശെഫുകള്‍ രണ്ടുപേരും എനിക്ക് പുറം തിരിഞ്ഞാണ് നില്‍പ്പ്. ചതുരത്തില്‍ സ്ഥാപിച്ചിരിക്കുന്ന അടുപ്പുകളുടെ നടുവില്‍ നിന്ന് രണ്ടുപേരും അഭ്യാസങ്ങള്‍ കാണിക്കുകയാണ്. എല്ലാ അടുപ്പുകളിലും എന്തെങ്കിലുമൊക്കെയായി പാകപ്പെടുന്നുണ്ട്. ഇപ്പൊഴത്തെ പൊസിഷനില്‍ അവര്‍ രണ്ടുപേരും പുറംതിരിഞ്ഞാണ്, ഏത് നിമിഷവും അവരിലൊരാളെങ്കിലും എനിക്ക് അഭിമുഖമായി വരാം. അതുവരെയേ എനിക്കീ ഇരിപ്പ് തുടരാനൊക്കൂ.

എന്തായാലും കൌതുകമുള്ള കാഴ്ചതന്നെ. ഇവന്മാരെ സമ്മതിക്കണം. ഒരടുപ്പത്ത് അരിയും മറ്റതില്‍ പരിപ്പും വേവുമ്പോള്‍തന്നെ അങ്കലാപ്പല്ലേ നമുക്ക്? ഇത് നിരവധിയായ സ്റ്റൌകളില്‍ വിവിധയിനം ഡിഷസ് തയ്യാറാവുന്നു. സര്‍ക്കസ് അഭ്യാസിയേക്കാള്‍ വലീയ മെയ്‌വഴക്കത്തോടെയും വേഗതയോടെയും ഓരോന്നിലും യഥാസമയം ചേരുവകള്‍ ചേര്‍ത്ത് പാകപ്പെടുത്തിയെടുക്കുന്നു. ഒന്നിലും ഒരു ചെറീയ കുഴപ്പം പോലും പറ്റുന്നുമില്ല.

അതാ, ഒരുത്തന്‍ 180 ഡിഗ്രിയില്‍ തിരിഞ്ഞുകഴിഞ്ഞു. ഞാനും അവനും മുഖാമുഖം. അല്ല, ആരിത്? നമ്മുടെ പഴയ ജോര്‍ജ്ജ്.

ജോര്‍ജ്ജിനും എന്നെ മനസ്സിലായി. അദ്ഭുതംകൊണ്ട് ഞങ്ങള്‍ കണ്ണുമിഴിച്ചുപോയി. ഒപ്പം സന്തോഷവും തോന്നി. പഴയ വിടര്‍ന്ന ചിരിയോടെ ജോര്‍ജ്ജ് കുശലാന്വേഷണങ്ങള്‍ തുടങ്ങി.

‘എന്റെ വിശേഷങ്ങള്‍ പറയാം, ജോര്‍ജ്ജ് എങ്ങനെ ഇവിടെയെത്തി?

‘എന്ത് പറയാനാ ഭായ്, പഴയ പണിവിട്ട് ഞാന്‍ സ്വന്തമായൊന്ന് തട്ടിക്കൂട്ടി. കുത്ത്പാളയെടുത്തു. നമ്മളെപ്പോലെ നല്ല മനസ്സുള്ളവര്‍ക്ക് പറഞ്ഞതാണോ ബിസിനസ്സ്. എല്ലാവനും പറ്റിച്ചു.

‘എന്നിട്ട്’

എന്നിട്ടെന്താ? നാട്ടില്പോയി, പാചകത്തിലുള്ള പഴയ താല്‍പ്പര്യംവെച്ച് ഒരു കുക്കിംഗ് കോഴ്സിനു ചേര്‍ന്നു. പിന്നെ, നമ്മളേതില്‍ ചെന്ന് കേറിയാലും അതില്‍ മാസ്റ്ററാകുമല്ലോ? ഇതാ കണ്ടില്ലെ, പഴയതുമായി ഒരു ബന്ധവുമില്ലാത്ത ഈ ഫീല്‍ഡില്‍ തിളങ്ങിനില്‍ക്കുന്നത്. ഇവിടെയിപ്പോ ഞാന്‍ രണ്ടാം നമ്പര്‍ ശെഫാ. അറിയാമോ?

....ഏ.... ഇതെവിടെ? ജോര്‍ജ്ജും അവന്റെ തൊപ്പിയും അടുക്കളയും ഹോട്ടലും....ഛെ, ഒക്കെ സ്വപ്നമായിരുന്നല്ലേ....

ഓരോരോ സ്വപ്നങ്ങളേ, കുറച്ചു ദിവസമായി വിചിത്ര സ്വപ്നങ്ങളുടെ ഒരു ഘോഷയാത്രയാണ്. ഇന്നലെ കണ്ടതെന്തെന്നോ? ഞാനും അപരിചിതരായ കുറെ ആള്‍ക്കാരും ഒന്നിച്ചിരുന്ന് വളരെ ഗൌരവമായി ഒരു പഴയ സിനിമാഗാനം പാടുന്നു. അതും ഒരു പ്രണയഗാനം, എന്തോ ഒരു ഭജനയോ മറ്റോ പാടുന്ന രീതിയില്‍.

അതുപോട്ടെ, ഇപ്പോള്‍ ജോര്‍ജ്ജിനെ സ്വപ്നം കണ്ടത് അതിലും വിചിത്രം.

പണ്ട് ജോലി ചെയ്തിരുന്ന സ്ഥാപനമുടയുടെ സന്തതസഹചാരിയായിരുന്നു ജോര്‍ജ്ജ്. ബോസിന്റെ സുഹൃത്ത് എന്ന നിലയില്‍ ഞങ്ങടെ ഓഫീസിലെ നിത്യസന്ദര്‍ശകനും. മലയാളികളായ എന്റെ ചില സഹപ്രവര്‍ത്തകര്‍ ബോസിനെക്കാള്‍ കൂടുതല്‍ ബഹുമാനിച്ചിരുന്നത് ജോര്‍ജ്ജിനെയായിരുന്നു. എന്തുകാര്യവും ജോര്‍ജ്ജ് വഴി നേടിയെടുക്കാം എന്നതായിരുന്നു അവരുടെ ധാരണ. അത് കുറച്ചൊക്കെ ശരിയായിരുന്നുതാനും. ജോര്‍ജ്ജ് ചില്ലറ സഹായങ്ങളൊക്കെ ചെയ്തുകൊടുത്തിരുന്നു. തന്നെ വേണ്ടത്ര ബഹുമാനിക്കാത്തവര്‍ക്ക് ചെറിയ പാരകള്‍ പണിയുന്നതും പുള്ളിയുടെ പതിവായിരുന്നു. ഞാന്‍ അക്കൂട്ടത്തില്‍ ഒരാളായിരുന്നെങ്കിലും വലീയ കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ഒരത്യാവശ്യ ഘട്ടത്തില്‍ പണം കടം തന്ന് സഹായിക്കയും ചെയ്തിട്ടുണ്ട്.

ജോര്‍ജ്ജ് ഞങ്ങടെ തൊഴിലുടമയുമായി തെറ്റിപ്പിരിയുകയും ഞങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും അങ്ങനെ അവസാനിക്കയും ചെയ്തു. അതില്‍പ്പിന്നെ കൂടുതലൊന്നും അങ്ങേരെപ്പറ്റി അറിയില്ല. സത്യം പറഞ്ഞാല്‍ ജോര്‍ജ്ജിനെ ഏതാണ്ട് ഞാന്‍ മറന്ന് തുടങ്ങിയിരുന്നു. അങ്ങനെയിരിക്കെയാണ് ഈ സ്വപ്നം. അതും ഒരു നക്ഷത്രഹോട്ടലിലെ ശെഫായി ജോര്‍ജ്ജ്.

രാവിലെ ഓഫീസിലേക്ക് ഇറങ്ങാനിരിക്കെ ഫോണ്‍ബെല്ലടിച്ചു.

ങാ ഹാ! കുമാര്‍. ഇന്നലെ ജോര്‍ജ്ജിനെ സ്വപ്നം കണ്ടതേയുള്ളൂ. എന്റെ ജീവിതപുസ്തകത്തില്‍ ഒരേ അധ്യായത്തിലെ കഥാപാത്രങ്ങളാണ് കുമാറും ജോര്‍ജ്ജുമൊക്കെ. എന്തെങ്കിലും പ്രത്യേക കാര്യങ്ങള്‍ക്കേ കുമാര്‍ വിളിക്കാറുള്ളൂ.

‘ഹലോ, ഗുഡ് മോണിംഗ്.‘

‘ആ, ഗുഡ് മോണിംഗ് കുമാറെ, കുറച്ചായല്ലോ വിളിച്ചിട്ട്, എന്താ രാവിലെ തന്നെ കാര്യം?‘

‘ഉം.. ഒരു വാര്‍ത്തയുണ്ട്. നമ്മുടെ ജോര്‍ജ്ജിനെ മറന്നിട്ടില്ലല്ലോ....പഴയ...തടിയന്‍....പാര...‘

‘ആ, എനിക്ക് നല്ല ഓര്‍മ്മയുണ്ടിഷ്ടാ. എന്താന്ന് വെച്ചാ പറയ്.‘

‘ജോര്‍ജ്ജ് മരിച്ച് പോയി.‘

‘ഏ..എങ്ങനെ?‘

‘ആക്സിഡന്റ്. രണ്ടുമൂന്ന് ദിവസമായി പോലും. ഷിബിയാ എന്നെ വിളിച്ച് പറഞ്ഞത്.‘

ഞങ്ങള്‍ സംഭാഷണം അധികം തുടര്‍ന്നില്ല. ഇന്നിനി ജോര്‍ജ്ജിന്റെ ഓര്‍മ്മകള്‍ തികട്ടി തികട്ടി വന്നുകൊണ്ടിരിക്കും. കുമാറിനെയും ഷിബിയെയും പഴയ സുഹൃത്തുക്കളില്‍ പറ്റുന്നവരെയൊക്കെ ഒന്ന് വിളിച്ച് കൂട്ടണം. ജോര്‍ജ്ജിന്റെ ഓര്‍മ്മകളും ഈ സ്വപ്നവും പങ്കുവെക്കണം.

Thursday, September 4, 2008

ഓണത്തിനിടക്ക് ഒരു വിഷുക്കച്ചവടം

വിഷു ഓണത്തേക്കാള്‍ വലീയ ഉത്സവമായിരുന്നൂ ഞങ്ങള്‍ കുട്ടികള്‍ക്ക്.

ഒന്ന്, വിഷു മധ്യവേനലവധിക്കാലത്താണ്. പാഠ്യപ്രവൃത്തികളില്‍ നിന്നും പൂര്‍ണ്ണമായും മുക്തി കൈവരിക്കുന്ന ദിവസങ്ങളില്‍.

മറ്റൊന്ന്, കോടിയുടുപ്പുകളും സദ്യയും രണ്ട് ആഘോഷങ്ങള്‍ക്കുമുള്ളപ്പോള്‍ വിഷുവിന് കൈനീട്ടം അഡീഷണലാണ്.

എല്ലാറ്റിലും പ്രധാനപ്പെട്ടത്, പടക്കം പൊട്ടിക്കലാണ് വിഷു സംബന്ധമായ മുഖ്യ ആഘോഷപരിപാടി. അതിന്റെ ത്രില്ല് മറ്റൊന്നിനുമില്ല.

വിഷുക്കാലമായിക്കഴിഞ്ഞാല്‍ സുധിയേട്ടന് ഇരിക്കപ്പൊരുതിയുണ്ടാവില്ല. പടക്കം പൊട്ടിക്കല്‍ ഏറ്റവും ഗംഭീരമാക്കണം. അതിനുള്ള പണം കണ്ടെത്തല്‍, ഏതെല്ലാം പടക്കങ്ങള്‍ വാങ്ങണം, അത് ഏതൊക്ക ഏതെല്ലാം സമയങ്ങളില്‍ പൊട്ടിക്കണം തുടങ്ങിയ ചിന്തകള്‍ മാത്രമായിരിക്കും മനസ്സില്‍.

സുധിയേട്ടന്റെയും ഞങ്ങളുടെയും വീടുകള്‍ തൊട്ട് തൊട്ട് കിടക്കുന്നു. ടൌണിലെ ഒരു ഹോട്ടലില്‍ പണ്ടാരിയാണ് സുധിയേട്ടന്റെ അച്ഛ്ന്‍. കുമാരന്‍ എന്നാണ് പേര്. അമ്മ എഴുത്തും വായനയും അറിയാത്ത ഒരു വീട്ടമ്മ. മൂത്ത ചേട്ടന്‍ പഠിത്തം ഉഴപ്പിക്കഴിഞ്ഞ് ഓട്ടോഡ്രൈവറുടെ കുപ്പായമിട്ടു കഴിഞ്ഞു. പിന്നെ രണ്ട് ചേച്ചിമാര്‍. നാലാമത്തെയും അവസാനത്തെയും ആളാണ് സുധിയേട്ടന്‍.

വിഷുവിന് പടക്കം പൊട്ടിക്കല്‍ പരിപാടി ഞങ്ങള്‍ രണ്ട് വീട്ടുകാരും ഒരുമിച്ചാണ്. പടക്കം പൊട്ടിച്ച് കളീക്കാനുള്ള പ്രായമാകത്ത ചെറിയ കുട്ടികളാണ് ഞാനും അനിയനും. മാത്രവുമല്ല, സ്വന്തം വീട്ടുമുറ്റത്ത് സ്വന്തം പണം പൊട്ടിത്തീരുന്നത് അച്ഛ്ന് തീരെ ഇഷ്ടമല്ലാത്ത കാര്യവുമാണ്.

ഒരു ഇരുപത്തഞ്ച് ഉറുപ്പികയില്‍ കവിയാത്ത തുക അച്ഛന്‍ സുധിയേട്ടനെ ഏല്‍പ്പിക്കും, പടക്കം വാങ്ങാന്‍. എന്നിട്ട് ഞങ്ങളോട് പറയും: ‘പൊട്ടിക്കലും കത്തിക്കലുമെല്ലാം അപ്രത്ത് സുധിന്റട്ത്ത്. നിങ്ങക്ക് വേണ്ടി കമ്പിത്തിരി വാങ്ങാന്‍ ഞാന്‍ പറഞ്ഞിറ്റ്ണ്ട്. പൊട്ടുന്നതൊക്കെ ഓന്‍ നോയിക്കോളും’ (അച്ഛന്റെ സ്വാര്‍ത്ഥത)

അച്ഛന്‍ കൊടുക്കുന്ന തുക സുധിയേട്ടന് ഒരു പരിഹാസമാണ്. എങ്കിലും തന്റെ വീട്ടുമുറ്റത്താണ് അത് പൊട്ടുക, അതിന്റെ ഫുള്‍ ക്രെഡിറ്റും തനിക്കായിരിക്കും എന്നതു കൊണ്ട് അത് പുറത്ത് കാണിക്കാറില്ല.

ഇതുകൂടാതെ, സുധിയേട്ടന്റെ അച്ഛന്റെ വക ഒരു മുപ്പത് രൂപ, ചേട്ടച്ചാര്‍ ഒരു പത്തോ ഇരുപതോ. കഴിഞ്ഞു, ഞങ്ങള്‍ രണ്ടുവീട്ടുകാരുടെ വിഷുപടക്ക ബഡ്ജറ്റ്. ഇത്രയും കുറഞ്ഞ തുക കൈകാര്യം ചെയ്യുന്നതില്‍ സുധിയേട്ടന് ഒരു ആത്മപുച്ഛം തോന്നിയാല്‍ കുറ്റപ്പെടുത്താനാവുമോ?

വിഷുവിന് ഒരാഴ്ച കൂടിയുണ്ട്. ഇപ്പറഞ്ഞ മൂന്ന് കക്ഷികളും ഇതുവരെ തുക ഏല്‍പ്പിച്ചിട്ടില്ല. വൈകുന്നേരം സുധിയേട്ടന്‍ ആ രഹസ്യം പറഞ്ഞതും എന്റെ ചങ്കാണ് പടപടാ ഇടിച്ചുതുടങ്ങിയത്.

‘ടാ, ആരോടും പറയരുത്. നിന്റെ അനിയന്‍ ചെക്കനോടുപോലും. അച്ഛന്റെ കീശേന്ന് നൂറുറുപ്പിയ ഞാന്‍ അടിച്ചു മാറ്റീറ്റ്ണ്ട്. ഇപ്രാശ്യം കലക്കണം’

ദൈവമേ...മോഷണം. ഇതെങ്ങാനും പിടിച്ചാല്‍....

‘നീ പേടിക്കണ്ട. നാളത്തന്നെ നമ്മക്ക് ചടക്കം വാങ്ങണം. ഒളിപ്പിച്ച് വെക്കുന്ന കാര്യം ഞാനേറ്റു. വിഷൂന് രാത്രി എല്ലാങ്കൂടി അങ്ങ് പൊട്ടുമ്പം ആരിക്കും തിരീല്ല’

ഞാന്‍ മൌനം.

‘ഈ പിശ്ക്കമ്മാര് നിന്റേം അന്റേം അച്ചമ്മാര് തര്ന്ന പൈശെനെക്കൊണ്ടൊന്നും ഇക്കൊല്ലം ചടക്കം വാങ്ങല് നടക്കൂല. എത്ര്യാ വെലാന്നറിയാ ഓരോന്നിനും’

കാര്യം ശരിതന്നെ.

പിറ്റേന്ന് രാവിലെ ഞങ്ങള്‍ ഉസ്സൈനിക്കായുടെ പടക്കകടയിലെത്തി. ഞങ്ങടെ നാട്ടിലെ ഏക പടക്കകച്ചവടക്കാരനാണ് ഉസ്സൈനിക്ക. ആളുടെ ശരിക്കുള്ള ലൈന്‍ വേറെ ചില ഐറ്റംസാണ്. കയര്‍, ചൂടിക്കയര്‍, മുറം, കത്തി, കൈക്കോട്ട്, മഴു തുടങ്ങിയ തൊഴിലുപകരണങ്ങള്‍. പക്ഷെ വിഷുക്കാലത്ത് പുള്ളി ശ്രദ്ധകേന്ദ്രീകരിക്കുന്നത് പടക്കത്തിലാണ്.

കടയില്‍ ഡിസ്പ്ലേ ചെയ്ത് വെച്ചിരിക്കുന്ന പടക്കങ്ങളെ എല്ലാമൊന്ന് തലോടിക്കൊണ്ട് സുധിയേട്ടന്‍ വിലനിലവാരം തിരക്കി ഒരു ബാര്‍ഗെയ്നൊക്കെ നടത്തി. ശേഷം അഭിമാനപുരസ്സരം കീശയില്‍നിന്ന് നൂറുരൂപാ നോട്ടെടുത്ത് നീട്ടി ഓര്‍ഡര്‍ ചെയ്തു.

‘ഒരുപെട്ടി കമ്പിത്തിരി. ഒരു ഇരുന്നൂറ്റമ്പതിന്റെ കോയ. ബാക്കിക്ക് ഓലപ്പടക്കോം പച്ചക്കെട്ടും’

ഉസ്സൈനിക്ക നോട്ട് കൈയ്യോടെ വാങ്ങി. പിന്നെ അപ്രതീക്ഷിത ചോദ്യം.

‘ഏട്ന്ന് കിട്ടീ നിന്ക്കി പൈശ?’

‘അ..അച്..ച്ചന്‍ തന്നത്’

‘ആര്, കുമാരന്‍ നൂറുറുപ്പിയ തന്നാ നിന്ക്ക് ചടക്കം ബാങ്ങാ‍ന്‍?’

എന്താ പാടില്ലേ എന്ന മട്ടില്‍ സുധിയേട്ടന്‍. പിന്നില്‍ അങ്കലാപ്പ് മറച്ച് വെക്കാനാകാതെ ഞാന്‍.

‘രണ്ടാളും പോയിക്കോളി, ചടക്കം ഞാന്‍ ബൈന്നേരം കുമാരന്റട്ത്ത് കൊട്ത്തോളാം’

ഇടിത്തീ വെട്ടി. ഒന്നും പറയാനായില്ല. കെളവന്‍ മാപ്പിളക്ക് അയാളുടെ പണിചെയ്താല്‍പ്പോരെ?

അന്നുരാത്രി അടിയുടെ പൊടിപൂരം നടന്നു രണ്ട് വീട്ടിലും. നിരപരാധിയായ ഞാന്‍ കൂടി ശിക്ഷിക്കപ്പെട്ടതിലായിരുന്നൂ സുധിയേട്ടന് കൂടുതല്‍ വിഷമം.

-------------------------------------------------------------------------------------------------

കഴിഞ്ഞ വിഷു ബര്‍ദുബായില്‍ സുധിയേട്ടന്റെ ഫ്ലാറ്റില്‍ ഒരുമിച്ച് ആഘോഷിക്കുകയായിരുന്നൂ ഞങ്ങള്‍.

അച്ഛന്‍ എല്ലുമുറിയെ പണിത് കിട്ടിയ പണം മോഷ്ടിച്ചാണ് മകന്‍ തന്റെ കടയില്‍ എത്തിയിരിക്കുന്നത് എന്ന് മനസ്സിലായപ്പോള്‍ നൂറുരൂപയുടെ വലീയ കച്ചവടം വേണ്ടെന്ന് വെച്ച ഉസ്സൈനിക്കയുടെ വലീയ മനസ്സ് ഇന്ന് നമ്മള്‍ രണ്ടുപേര്‍ക്കും തിരിച്ചറിയാം.

സുധിയേട്ടന്റെ ആറുവയസ്സുകാരന്‍ മകന്‍ ശാഠ്യത്തിലാണ്. അവന് മാര്‍ക്കറ്റിലിറങ്ങിയ പുതീയ ഏതോ ഗെയിം വേണം. അതിനായി അവനേതായാലും അച്ഛന്റെ കീശയില്‍നിന്നും പണം മോഷ്ടിക്കില്ല. കരച്ചില്‍ ഒന്നുകൂടെ ഉഷാറാക്കിയാല്‍ അച്ഛനത് വാങ്ങിക്കൊടുക്കുമെന്ന് അവനറിയാം.

നടന്നു പോകാവുന്ന ദൂരത്തില്‍തന്നെയുണ്ട് വലീയ ഹൈപ്പര്‍മാര്‍ക്കറ്റ്. അവിടെ പണം തന്നെ വേണമെന്നില്ല, ക്രെഡിറ്റ് കാര്‍ഡ് നീട്ടിയാല്‍ മതി. ഇല്ലാത്ത പണം കൊണ്ടാണ് ഈ ദുര്‍വ്യയം എന്ന് അവിടത്തെ കാഷ്യര്‍ക്ക് മനസ്സിലാവും. പക്ഷെ, അവര്‍ കാഷ്യര്‍ മാത്രമാണ്, ഒരു സാധനം വാങ്ങുന്നതില്‍നിന്ന് കസ്റ്റമറെ വിലക്കുന്നത് അവര്‍ക്ക് കിട്ടിയ കസ്റ്റമര്‍ സര്‍വീസ് ട്രെയ്നിംഗിലില്ല.