Thursday, September 4, 2008

ഓണത്തിനിടക്ക് ഒരു വിഷുക്കച്ചവടം

വിഷു ഓണത്തേക്കാള്‍ വലീയ ഉത്സവമായിരുന്നൂ ഞങ്ങള്‍ കുട്ടികള്‍ക്ക്.

ഒന്ന്, വിഷു മധ്യവേനലവധിക്കാലത്താണ്. പാഠ്യപ്രവൃത്തികളില്‍ നിന്നും പൂര്‍ണ്ണമായും മുക്തി കൈവരിക്കുന്ന ദിവസങ്ങളില്‍.

മറ്റൊന്ന്, കോടിയുടുപ്പുകളും സദ്യയും രണ്ട് ആഘോഷങ്ങള്‍ക്കുമുള്ളപ്പോള്‍ വിഷുവിന് കൈനീട്ടം അഡീഷണലാണ്.

എല്ലാറ്റിലും പ്രധാനപ്പെട്ടത്, പടക്കം പൊട്ടിക്കലാണ് വിഷു സംബന്ധമായ മുഖ്യ ആഘോഷപരിപാടി. അതിന്റെ ത്രില്ല് മറ്റൊന്നിനുമില്ല.

വിഷുക്കാലമായിക്കഴിഞ്ഞാല്‍ സുധിയേട്ടന് ഇരിക്കപ്പൊരുതിയുണ്ടാവില്ല. പടക്കം പൊട്ടിക്കല്‍ ഏറ്റവും ഗംഭീരമാക്കണം. അതിനുള്ള പണം കണ്ടെത്തല്‍, ഏതെല്ലാം പടക്കങ്ങള്‍ വാങ്ങണം, അത് ഏതൊക്ക ഏതെല്ലാം സമയങ്ങളില്‍ പൊട്ടിക്കണം തുടങ്ങിയ ചിന്തകള്‍ മാത്രമായിരിക്കും മനസ്സില്‍.

സുധിയേട്ടന്റെയും ഞങ്ങളുടെയും വീടുകള്‍ തൊട്ട് തൊട്ട് കിടക്കുന്നു. ടൌണിലെ ഒരു ഹോട്ടലില്‍ പണ്ടാരിയാണ് സുധിയേട്ടന്റെ അച്ഛ്ന്‍. കുമാരന്‍ എന്നാണ് പേര്. അമ്മ എഴുത്തും വായനയും അറിയാത്ത ഒരു വീട്ടമ്മ. മൂത്ത ചേട്ടന്‍ പഠിത്തം ഉഴപ്പിക്കഴിഞ്ഞ് ഓട്ടോഡ്രൈവറുടെ കുപ്പായമിട്ടു കഴിഞ്ഞു. പിന്നെ രണ്ട് ചേച്ചിമാര്‍. നാലാമത്തെയും അവസാനത്തെയും ആളാണ് സുധിയേട്ടന്‍.

വിഷുവിന് പടക്കം പൊട്ടിക്കല്‍ പരിപാടി ഞങ്ങള്‍ രണ്ട് വീട്ടുകാരും ഒരുമിച്ചാണ്. പടക്കം പൊട്ടിച്ച് കളീക്കാനുള്ള പ്രായമാകത്ത ചെറിയ കുട്ടികളാണ് ഞാനും അനിയനും. മാത്രവുമല്ല, സ്വന്തം വീട്ടുമുറ്റത്ത് സ്വന്തം പണം പൊട്ടിത്തീരുന്നത് അച്ഛ്ന് തീരെ ഇഷ്ടമല്ലാത്ത കാര്യവുമാണ്.

ഒരു ഇരുപത്തഞ്ച് ഉറുപ്പികയില്‍ കവിയാത്ത തുക അച്ഛന്‍ സുധിയേട്ടനെ ഏല്‍പ്പിക്കും, പടക്കം വാങ്ങാന്‍. എന്നിട്ട് ഞങ്ങളോട് പറയും: ‘പൊട്ടിക്കലും കത്തിക്കലുമെല്ലാം അപ്രത്ത് സുധിന്റട്ത്ത്. നിങ്ങക്ക് വേണ്ടി കമ്പിത്തിരി വാങ്ങാന്‍ ഞാന്‍ പറഞ്ഞിറ്റ്ണ്ട്. പൊട്ടുന്നതൊക്കെ ഓന്‍ നോയിക്കോളും’ (അച്ഛന്റെ സ്വാര്‍ത്ഥത)

അച്ഛന്‍ കൊടുക്കുന്ന തുക സുധിയേട്ടന് ഒരു പരിഹാസമാണ്. എങ്കിലും തന്റെ വീട്ടുമുറ്റത്താണ് അത് പൊട്ടുക, അതിന്റെ ഫുള്‍ ക്രെഡിറ്റും തനിക്കായിരിക്കും എന്നതു കൊണ്ട് അത് പുറത്ത് കാണിക്കാറില്ല.

ഇതുകൂടാതെ, സുധിയേട്ടന്റെ അച്ഛന്റെ വക ഒരു മുപ്പത് രൂപ, ചേട്ടച്ചാര്‍ ഒരു പത്തോ ഇരുപതോ. കഴിഞ്ഞു, ഞങ്ങള്‍ രണ്ടുവീട്ടുകാരുടെ വിഷുപടക്ക ബഡ്ജറ്റ്. ഇത്രയും കുറഞ്ഞ തുക കൈകാര്യം ചെയ്യുന്നതില്‍ സുധിയേട്ടന് ഒരു ആത്മപുച്ഛം തോന്നിയാല്‍ കുറ്റപ്പെടുത്താനാവുമോ?

വിഷുവിന് ഒരാഴ്ച കൂടിയുണ്ട്. ഇപ്പറഞ്ഞ മൂന്ന് കക്ഷികളും ഇതുവരെ തുക ഏല്‍പ്പിച്ചിട്ടില്ല. വൈകുന്നേരം സുധിയേട്ടന്‍ ആ രഹസ്യം പറഞ്ഞതും എന്റെ ചങ്കാണ് പടപടാ ഇടിച്ചുതുടങ്ങിയത്.

‘ടാ, ആരോടും പറയരുത്. നിന്റെ അനിയന്‍ ചെക്കനോടുപോലും. അച്ഛന്റെ കീശേന്ന് നൂറുറുപ്പിയ ഞാന്‍ അടിച്ചു മാറ്റീറ്റ്ണ്ട്. ഇപ്രാശ്യം കലക്കണം’

ദൈവമേ...മോഷണം. ഇതെങ്ങാനും പിടിച്ചാല്‍....

‘നീ പേടിക്കണ്ട. നാളത്തന്നെ നമ്മക്ക് ചടക്കം വാങ്ങണം. ഒളിപ്പിച്ച് വെക്കുന്ന കാര്യം ഞാനേറ്റു. വിഷൂന് രാത്രി എല്ലാങ്കൂടി അങ്ങ് പൊട്ടുമ്പം ആരിക്കും തിരീല്ല’

ഞാന്‍ മൌനം.

‘ഈ പിശ്ക്കമ്മാര് നിന്റേം അന്റേം അച്ചമ്മാര് തര്ന്ന പൈശെനെക്കൊണ്ടൊന്നും ഇക്കൊല്ലം ചടക്കം വാങ്ങല് നടക്കൂല. എത്ര്യാ വെലാന്നറിയാ ഓരോന്നിനും’

കാര്യം ശരിതന്നെ.

പിറ്റേന്ന് രാവിലെ ഞങ്ങള്‍ ഉസ്സൈനിക്കായുടെ പടക്കകടയിലെത്തി. ഞങ്ങടെ നാട്ടിലെ ഏക പടക്കകച്ചവടക്കാരനാണ് ഉസ്സൈനിക്ക. ആളുടെ ശരിക്കുള്ള ലൈന്‍ വേറെ ചില ഐറ്റംസാണ്. കയര്‍, ചൂടിക്കയര്‍, മുറം, കത്തി, കൈക്കോട്ട്, മഴു തുടങ്ങിയ തൊഴിലുപകരണങ്ങള്‍. പക്ഷെ വിഷുക്കാലത്ത് പുള്ളി ശ്രദ്ധകേന്ദ്രീകരിക്കുന്നത് പടക്കത്തിലാണ്.

കടയില്‍ ഡിസ്പ്ലേ ചെയ്ത് വെച്ചിരിക്കുന്ന പടക്കങ്ങളെ എല്ലാമൊന്ന് തലോടിക്കൊണ്ട് സുധിയേട്ടന്‍ വിലനിലവാരം തിരക്കി ഒരു ബാര്‍ഗെയ്നൊക്കെ നടത്തി. ശേഷം അഭിമാനപുരസ്സരം കീശയില്‍നിന്ന് നൂറുരൂപാ നോട്ടെടുത്ത് നീട്ടി ഓര്‍ഡര്‍ ചെയ്തു.

‘ഒരുപെട്ടി കമ്പിത്തിരി. ഒരു ഇരുന്നൂറ്റമ്പതിന്റെ കോയ. ബാക്കിക്ക് ഓലപ്പടക്കോം പച്ചക്കെട്ടും’

ഉസ്സൈനിക്ക നോട്ട് കൈയ്യോടെ വാങ്ങി. പിന്നെ അപ്രതീക്ഷിത ചോദ്യം.

‘ഏട്ന്ന് കിട്ടീ നിന്ക്കി പൈശ?’

‘അ..അച്..ച്ചന്‍ തന്നത്’

‘ആര്, കുമാരന്‍ നൂറുറുപ്പിയ തന്നാ നിന്ക്ക് ചടക്കം ബാങ്ങാ‍ന്‍?’

എന്താ പാടില്ലേ എന്ന മട്ടില്‍ സുധിയേട്ടന്‍. പിന്നില്‍ അങ്കലാപ്പ് മറച്ച് വെക്കാനാകാതെ ഞാന്‍.

‘രണ്ടാളും പോയിക്കോളി, ചടക്കം ഞാന്‍ ബൈന്നേരം കുമാരന്റട്ത്ത് കൊട്ത്തോളാം’

ഇടിത്തീ വെട്ടി. ഒന്നും പറയാനായില്ല. കെളവന്‍ മാപ്പിളക്ക് അയാളുടെ പണിചെയ്താല്‍പ്പോരെ?

അന്നുരാത്രി അടിയുടെ പൊടിപൂരം നടന്നു രണ്ട് വീട്ടിലും. നിരപരാധിയായ ഞാന്‍ കൂടി ശിക്ഷിക്കപ്പെട്ടതിലായിരുന്നൂ സുധിയേട്ടന് കൂടുതല്‍ വിഷമം.

-------------------------------------------------------------------------------------------------

കഴിഞ്ഞ വിഷു ബര്‍ദുബായില്‍ സുധിയേട്ടന്റെ ഫ്ലാറ്റില്‍ ഒരുമിച്ച് ആഘോഷിക്കുകയായിരുന്നൂ ഞങ്ങള്‍.

അച്ഛന്‍ എല്ലുമുറിയെ പണിത് കിട്ടിയ പണം മോഷ്ടിച്ചാണ് മകന്‍ തന്റെ കടയില്‍ എത്തിയിരിക്കുന്നത് എന്ന് മനസ്സിലായപ്പോള്‍ നൂറുരൂപയുടെ വലീയ കച്ചവടം വേണ്ടെന്ന് വെച്ച ഉസ്സൈനിക്കയുടെ വലീയ മനസ്സ് ഇന്ന് നമ്മള്‍ രണ്ടുപേര്‍ക്കും തിരിച്ചറിയാം.

സുധിയേട്ടന്റെ ആറുവയസ്സുകാരന്‍ മകന്‍ ശാഠ്യത്തിലാണ്. അവന് മാര്‍ക്കറ്റിലിറങ്ങിയ പുതീയ ഏതോ ഗെയിം വേണം. അതിനായി അവനേതായാലും അച്ഛന്റെ കീശയില്‍നിന്നും പണം മോഷ്ടിക്കില്ല. കരച്ചില്‍ ഒന്നുകൂടെ ഉഷാറാക്കിയാല്‍ അച്ഛനത് വാങ്ങിക്കൊടുക്കുമെന്ന് അവനറിയാം.

നടന്നു പോകാവുന്ന ദൂരത്തില്‍തന്നെയുണ്ട് വലീയ ഹൈപ്പര്‍മാര്‍ക്കറ്റ്. അവിടെ പണം തന്നെ വേണമെന്നില്ല, ക്രെഡിറ്റ് കാര്‍ഡ് നീട്ടിയാല്‍ മതി. ഇല്ലാത്ത പണം കൊണ്ടാണ് ഈ ദുര്‍വ്യയം എന്ന് അവിടത്തെ കാഷ്യര്‍ക്ക് മനസ്സിലാവും. പക്ഷെ, അവര്‍ കാഷ്യര്‍ മാത്രമാണ്, ഒരു സാധനം വാങ്ങുന്നതില്‍നിന്ന് കസ്റ്റമറെ വിലക്കുന്നത് അവര്‍ക്ക് കിട്ടിയ കസ്റ്റമര്‍ സര്‍വീസ് ട്രെയ്നിംഗിലില്ല.

13 comments:

ജിവി/JiVi said...

ഒരു സുഹൃത്തിനുണ്ടായ അനുഭവം സ്വന്തം സാഹചര്യങ്ങളുമായി വിളക്കിചേര്‍ത്തപ്പോള്‍ ഇങ്ങനെയായി.

Anoop Technologist (അനൂപ് തിരുവല്ല) said...

:)

PIN said...

വളരെ നന്നായിരിക്കുന്നു...

തലമുറകളുടേയും കാലത്തിന്റേയും വ്യതിയാനം നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു.
ആശംസകൾ...

smitha adharsh said...

ഇതിലിപ്പോ ഇതാ ജോര്‍ ആയതു?
ഉസ്സൈനിക്കയുടെ പാരയോ?
സുധിയെട്ടന്റെ അടിച്ച് മാറ്റലോ?
അച്ഛന്റെ അടിയോ?
ഈ പോസ്റ്റ് തന്നെ..

കുറ്റ്യാടിക്കാരന്‍|Suhair said...

Very Good Post Jeevee...

ശ്രീ said...

വളരെ നല്ലൊരു പോസ്റ്റ്, മാഷേ...
ഉസ്സൈനിക്കയേപ്പോലുള്ളവര്‍ ഇക്കാലത്ത് വിരളമായിരിയ്ക്കുന്നു...

ഈ ഓര്‍മ്മക്കുറിപ്പ് നന്നായി.

Baiju Elikkattoor said...

"അച്ഛന്‍ എല്ലുമുറിയെ പണിത് കിട്ടിയ പണം മോഷ്ടിച്ചാണ് മകന്‍ തന്റെ കടയില്‍ എത്തിയിരിക്കുന്നത് എന്ന് മനസ്സിലായപ്പോള്‍ നൂറുരൂപയുടെ വലീയ കച്ചവടം വേണ്ടെന്ന് വെച്ച ഉസ്സൈനിക്കയുടെ വലീയ മനസ്സ് ഇന്ന് നമ്മള്‍ രണ്ടുപേര്‍ക്കും തിരിച്ചറിയാം."

ഉള്ളിലെവിടെയോ ഒരു തൊട്ടാവാടി മുള്ളുടക്കിയല്ലോ മാഷേ! പ്രരാബ്ദക്കാരന് പ്രരാബ്ദക്കരന്‍റെ വിഷമം അറിഞ്ഞിരുന്നു ഒരു കാലം, ജാതിയും മതവും കാണാതെ!

അജ്ഞാതന്‍ said...

നന്നായിരിക്കുന്നു മാഷെ...

ജിവി/JiVi said...

അനൂപ്, പിന്‍, സ്മിത, കുറ്റ്യാടി, ശ്രീ, ബൈജു, അജ്ഞാതന്‍,

വായനക്ക് നന്ദി.

അനീഷ് രവീന്ദ്രൻ said...

അതു തകർത്തു...!
വളരെ നന്നായി. അൽ‌പ്പംകൂടി ഡീറ്റൈലിങ്ങിലേക്ക് ഇറങ്ങിച്ചെന്നിരുന്നെങ്കിൽ എന്നാശിച്ചു.

ജിവി/JiVi said...

നന്ദി, അമ്പിളി. ഏറ്റവും കുറുക്കി എഴുതുക എന്നതാണ് ബോധപൂര്‍വ്വം അവലംബിക്കുന്ന രീതി.

Anil cheleri kumaran said...

രസായിട്ടുണ്ട് എഴുത്ത്.

ജിവി/JiVi said...

വായനക്ക് നന്ദി കുമാരന്‍.