Tuesday, January 6, 2009

ഗള്‍ഫ് മലയാളിയുടെ സിനിമ

സത്യന്‍ അന്തിക്കാട് സിനിമകളോടുള്ള എന്റെ ഇഷ്ടം കുറച്ച് കടുത്തതാണ്. അതില്‍ തന്നെ ഏറ്റവും ഇഷ്ടം ഏതെന്ന് ചോദിച്ചാല്‍ എളുപ്പം പറയാവുന്ന ഒരു ചിത്രം ‘പൊന്മുട്ടയിടുന്ന താറാവ്’ ആണ്.

ഈ ചിത്രം ഇറങ്ങുന്ന സമയത്ത് രസമുള്ള ഒരു കോലാഹലം നടന്നത് ഓര്‍മ്മയുണ്ട്. പൊന്മുട്ടയിടുന്ന തട്ടാന്‍ എന്നായിരുന്നു ഇതിന് ആദ്യം തീരുമാനിച്ച പേര്. തട്ടാന്മാരുടെ സമുദായ സംഘടന പ്രതിഷേധവുമായി രംഗത്ത് വന്നതിനെത്തുടര്‍ന്ന് പേരു മാറ്റി. പൊന്മുട്ടയിടുന്ന താറാവ് എന്നാക്കി.

ശ്രീനിവാസന്റെ വലീയ മുഖമുള്ള തവിട്ട് നിറത്തിലുള്ള വലീയ പോസ്റ്റര്‍ സതീശേട്ടന്റെ കടയുടെ ചുമരില്‍ ഒട്ടിച്ചിരുന്നതും ഓര്‍മ്മയുണ്ട്. സ്ക്കൂള്‍ വിട്ട് നടന്നുവരുന്ന വഴിയില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമാപോസ്റ്റര്‍ ഒട്ടിപ്പ് സ്ഥലം ആ ചുമരായിരുന്നു.

ടൌണിലെ തിയറ്ററില്‍ നിന്നും മാറി ഞങ്ങളുടെ നാട്ടിലെ തിയറ്ററില്‍ - ബി ക്ലാസ് എന്ന് പിന്നീട് തിരിച്ചറിയപ്പെട്ട - വന്നപ്പോഴാണ് ഈ സിനിമ ആദ്യമായി കണ്ടത്. happend to watch എന്ന് പറയുന്നതായിരിക്കും ശരി. സിനിമ കാണുക എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരത്യ്പൂര്‍വ്വ കാര്യമാകുന്നു. അമ്മാവനും കുടുംബവും അല്ലെങ്കില്‍ അങ്ങനെയാരോ വീട്ടിലൊരുദിനം തങ്ങിയപ്പോള്‍ എല്ലാവരുംകൂടി നടന്നുപോകാവുന്ന ദൂരത്തിലുള്ള തിയറ്ററില്‍ പോയി ഒരു സെക്കന്റ് ഷോ കണ്ടു. അങ്ങനെയാണത് സംഭവിച്ചത്.

ആദിമധ്യാന്തം കാര്യങ്ങള്‍ മനസ്സിലാക്കി സിനിമ കാണുന്ന പ്രായമല്ലായിരുന്നു അത്. എന്നാലും സിനിമ പെരുത്തിഷ്ടപ്പെട്ടു. രണ്ടുസീനുകള്‍ എടുത്ത് പറയേണ്ടത്.

ഒന്ന്, വിശ്വപ്രസിദ്ധമായ ആ കോമഡി സീന്‍. ഇന്നസെന്റും കെ പി എ സി ലളിതയും ചേര്‍ന്നുള്ളത്. ഇന്നസെന്റില്‍ നിന്നും ഏതോ വിശേഷവര്‍ത്തമാനം അറിയാന്‍ ആകാംക്ഷയോടെ കാതുകൂര്‍പ്പിച്ചു നില്‍ക്കുന്ന ഭാര്യ, ലളിത. മുഖം കഴുകലിനും തുടക്കലിനും ഷര്‍ട്ടഴിക്കലിനുമിടയില്‍ മുങ്ങിപ്പോകുന്ന വിശേഷം. ലോക സിനിമയിലെതന്നെ ഏറ്റവും ക്ലാസിക്കായ കോമഡിരംഗം എന്നുവരെ ഞാന്‍ പറഞ്ഞുകളയും.

രണ്ടാമത്തെത്, പാര്‍വ്വതി- നാട്ടുകാരാരും അതുവരെ കണ്ടിട്ടില്ലാത്ത ഹാജിയാരുടെ ബീവി- പച്ചപ്പാടത്തിനുനടുവിലൂടെ ഓടി വരുന്ന രംഗം. സ്ക്രീന്‍ മുഴുവന്‍ നെല്‍പ്പാടത്തിന്റെ പച്ച. അതിനു നടുവിലൂടെ ഓറഞ്ച് ബ്ലൌസും വെള്ള മുണ്ടും മഞ്ഞ തട്ടവുമിട്ട് ഓടിവരുന്ന ഹാജിയാരുടെ ബീവി. ലോകസിനിമയിലെത്തന്നെ ഏറ്റവും സുന്ദരമായ ഫ്രെയിം എന്നുവരെ ഞാന്‍ പറഞ്ഞുകളയും.

പിന്നെ എത്രതവണ ഈ ചിത്രം ടിവിയില്‍ കണ്ടു എന്ന് കണക്കെടുത്തിട്ടില്ല. ഇപ്പൊഴും ചാനലുകള്‍ മാറി മാറിയിടുമ്പോള്‍ ‘പൊന്മുട്ടയിടുന്ന താറാവ്’ വന്നുപെടുകയാണെങ്കില്‍ റിമോട്ട് അങ്ങ് മാറ്റിവെക്കും. അങ്ങനെ രണ്ട് ദിവസം മുമ്പ് വീണ്ടും കാണാന്‍പറ്റി. പതിവ്പോലെ മുഴുവനായും കണ്ടു.

സിനിമ കഴിഞ്ഞപ്പോള്‍ ഒരു ചിന്ത, എന്തുകൊണ്ട് ഇത്തരം സിനിമകള്‍ ഇപ്പോഴുണ്ടാവുന്നില്ല?(20-20 കണ്ടത് ഒരാഴ്ച മുമ്പാണെ!) ഉത്തരം ലളിതം. ആ ചിത്രത്തിലേതുപോലത്തെ ഒരു ഗ്രാമം ഇന്ന് മലയാളമണ്ണിലുണ്ടോ? അതില്‍ കണ്ടതുപോലത്തെ കഥാപാത്രങ്ങളുണ്ടോ?

ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന തട്ടാന്‍,
ഇന്നസെന്റിന്റെ പണിക്കര്‍,
ഒടുവിലാന്റെ പശുവളര്‍ത്തലുകാരന്‍,
മാമുക്കോയയുടെ ചായക്കടക്കാരന്‍,
കരമന ജനാര്‍ദ്ദനന്‍ നായരുടെ ഹാജിയാര്‍,
ജഗതിയുടെ വെളിച്ചപ്പാട്,
ശങ്കരാടിയുടെ നാട്ടുമുഖ്യസ്ഥന്‍,.....

ഇല്ല, ഇത്തരം ആള്‍ക്കാരെല്ലാം നമ്മുടെഗ്രാമങ്ങളില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നു. അങ്ങനെ നോക്കി വന്നപ്പോളാണ് അതിലെ മറ്റൊരു കഥാപാത്രത്തില്‍ ചിന്തയുടക്കിയത്. ജയറാം അവതരിപ്പിക്കുന്ന പവിത്രന്‍. കുറച്ചുകാലം ഗള്‍ഫില്‍ ജോലിചെയ്ത് ഒടുവില്‍ അവിടെ ചെറിയ ജയില്‍വാസവും കഴിഞ്ഞ് നാട്ടിലെത്തി തിരിച്ചുപോവാനാവാതെ നടക്കുന്നവന്‍. ഇതിനിടയില്‍ കല്ല്യാണവും കഴിച്ച് ഒരു കുഞ്ഞിന്റെ അച്ഛനുമായി. ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് വല്ല കച്ചവടവും തുടങ്ങാനാണ് ശ്രമം.

ഇത്തരം പവിത്രന്മാര്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ മുക്കിലും മൂലയിലും ധാരാളം!!!! ഒരുപക്ഷെ ജയില്‍വാസം ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാലും ഗള്‍ഫ് തനിക്ക് പറ്റാത്തതുകൊണ്ടോ അല്ലെങ്കില്‍ ഗള്‍ഫിന് തന്നെപ്പറ്റാത്തതുകൊണ്ടോ ഈയവസ്ഥയിലായവര്‍. നിലവിലെ സാമ്പത്തികമാന്ദ്യത്തില്‍ ഇത്തരക്കാരുടെ എണ്ണം തീര്‍ച്ചയായും കൂടും.

ഗള്‍ഫ് മലയാളിയുടെ സിനിമ എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മിക്കപ്പെടുന്നത് സത്യന്‍ അന്തിക്കാടിന്റെതന്നെ ‘വരവേല്‍പ്പ്’ ആണ്. പി ടി കുഞ്ഞുമുഹമ്മദിന്റെ ‘മഗ്-രിബ്‘ വാണിജ്യചേരുവകളില്ലാത്ത ഒരു സത്യസന്ധമായ സിനിമയാണ്. ഈ രണ്ടുസിനിമകളിലെയും നായകന്മാരെക്കാള്‍ ദയനീയചിത്രമാണ് പൊന്മുട്ടയിടുന്ന താറാവിലെ ഗള്‍ഫ് കഥാപാത്രം വരച്ചുവെക്കുന്നത്.

പൊന്മുട്ടയിടുന്ന താറാവ് എന്നപേര് ഈ സിനിമക്ക് വന്നുചേര്‍ന്നതില്‍ ഒരു വലീയ നീതിയുണ്ട്. കേരളത്തെ സംബന്ധിച്ച് ഗള്‍ഫ്മലയാളിസമൂഹം പൊന്മുട്ടയിടുന്ന താറാവാണ് ഇപ്പൊഴും. പവിത്രനെപ്പൊലുള്ളവര്‍ ആ താറാവിന്റെ ശരീരത്തിലെ ഏത് ഭാഗമായിരുന്നു?

13 comments:

ജിവി/JiVi said...

പ്രവാസി ഭാരതീയ സമ്മേളനം, ഗള്‍ഫ് മലയാളികളുടെ പുനരധിവാസം, ചര്‍ച്ചകള്‍ കൊഴുക്കുകയല്ലെ...

ജിജ സുബ്രഹ്മണ്യൻ said...

പഴമയുടെ ഗന്ധവും ഗ്രാമീണതയുമൊക്കെ ഇന്നു അന്യം നിന്നു പോവുകയല്ലേ .ഒപ്പം ഗ്രാമത്തിന്റെ നിഷ്കളങ്കമായ മനസ്സും കൈമോശം വരുന്നു.ഇന്ന് എങ്ങനെയും നാല് കാശുണ്ടാക്കുക.തൊട്ടയല്പക്കത്തുള്ളവനേക്കാൾ നന്നായി ആർഭാടത്തോടെ ജീവിക്കുക എന്നതൊക്കെ അല്ലേ മനുഷ്യന്റെ ചിന്തകൾ .എന്തിലും ഏതിലും കച്ചവടക്കണ്ണു മാത്രം കാണുന്ന സമൂഹമാണു വളർന്നു വരുന്നത്.അതു കൊണ്ടു തന്നെ സത്യൻ അന്തിക്കാ‍ടിന്റെ പഴയ ചില സിനിമകളിലെ പോലെയുള്ള കഥാപാത്രങ്ങൾ ഇനി ഉണ്ടാകും എന്നു തൊന്നണില്ല.

ജിവി/JiVi said...

വായനക്കും കമന്റിനും നന്ദി, കാന്താരിക്കുട്ടി.

അല്ലാ, ഇതെങ്ങിനെ കണ്ടു? ഏതാ അഗ്രി, ചിന്തയില്‍ വന്നില്ല സംഗതി.

ജിജ സുബ്രഹ്മണ്യൻ said...

ഞാൻ ചിന്ത നോക്കാറില്ല.തനി മലയാളം ആണു നോക്കുന്നത്.അതിൽ വന്നിട്ടുണ്ട് ഈ പോസ്റ്റ് !

ഇ.എ.സജിം തട്ടത്തുമല said...

ഭാവുകങ്ങള്!

ജിവി/JiVi said...

നന്ദി, സജിം

അനീഷ് രവീന്ദ്രൻ said...

സത്യൻ അന്തിക്കാട് തന്നെ എത്രയോ മാറിപ്പോയിരിക്കുന്നു. അദ്ദേഹത്തിന്റെ സ്റ്റൈലിൽ തന്നെയുള്ള ഒരു വ്യത്യാസം യാത്രക്കാരുടെ ശ്രദ്ധക്ക്, അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നിതരം ചിത്രങ്ങളിൽ പ്രകടമാണ്. ഗ്രാമീണത കേരളത്തിന് നഷ്ടപ്പെട്ടിട്ടണോ അതോ സത്യൻ അന്തിക്കാട് നാഗരീകനായി പരിണാമം പ്രാപിച്ചതു കൊണ്ടാണോ അങ്ങനെ സംഭവിച്ചത്.

പോസ്റ്റ് നന്നായി!

ജിവി/JiVi said...

അനിഷ്,

അതെ, സത്യന്‍ അന്തിക്കാട് നാഗരികനാവുന്നതും നാട്ടില്‍ ഗ്രാമീണത ഇല്ലാതാവുന്നതും ഒന്നുതന്നെ. നന്ദി.

ഗീത said...

സത്യന്‍ അന്തിക്കാട് സിനിമകള്‍ സാധാരണ വിടാറില്ല. യഥാര്‍ത്ഥജീവിതം തുടിക്കുന്ന സിനിമകള്‍ തന്നെയവ.

ജിവി/JiVi said...

നന്ദി, ഗീത്

Anonymous said...

നല്ല ചിന്തകൾ

Sapna Anu B.George said...

നല്ല പോസ്റ്റ് , നല്ല അപഗ്രധനം, സത്യന്‍ അന്തിക്കാടീന്റെ ഒരു ആരാധകനെക്കൂടി കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം

ജിവി/JiVi said...

ഈ പഴയ പോസ്റ്റ് വായിച്ചതിനും അഭിപ്രായത്തിനും നന്ദി, സപ്ന.